പശ്ചിമഘട്ട ചിത്രശലഭ സംഗമം - 2023

ഫൗണ്ടേഷൻ ഫോർ എൻവിറോൺമെന്റൽ കൺസർവേഷൻ എഡ്യുക്കേഷൻ ആന്റ് റിസർച്ച് (FECER ), കേരള വനഗവേഷണ സ്ഥാപനത്തിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ആദ്യ പശ്ചിമഘട്ട ചിത്രശലഭ സംഗമം (Western Ghat Butterfly Meet - 2023) സമാപിച്ചു. ഇന്ത്യയിലെ ഒമ്പത് സംസ്ഥാനങ്ങളിൽ നിന്നുള്ള ചിത്രശലഭ വിദഗ്ദരും, ഗവേഷകരും , പരിസ്ഥിതി പ്രവർത്തകരേയും ഒരുമിപ്പിച്ചു കൊണ്ട് ആഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 4 വരെയായിരുന്നു ചിത്രശലഭ സംഘമം .
പീച്ചി - ചിമ്മിനി - അതിരപ്പിള്ളി - വാഴച്ചാൽ - പെരിങ്ങൽ കൂത്ത് - മലക്കപ്പാറ എന്നിവടങ്ങളിലായി ഫീൾഡ് സർവ്വെ നടത്തിയ സംഘം പശ്ചിമഘട്ട ചിത്രശലഭ ഗവേഷണ രംഗത്തിന് വിലപ്പെട്ട സംഭാവനകളാണ് നല്കുക. ഹിമാലയൻ ചിത്രശലഭ നിരീക്ഷകരുടേയും പശ്ചിമ ഘട്ട ചിത്രശലഭ നിരീക്ഷകരുടേയും സംഘമമായി ചിത്രശലഭ മീറ്റ് മാറി. ആർദ്ര ഇല കൊഴിയും വനങ്ങൾ, അർദ്ധ നിത്യഹരിത വനങ്ങൾ, പുഴയോരക്കാടുകൾ, വന തോട്ടങ്ങൾ, തൊടികൾ തുടങ്ങിയ വ്യത്യസ്ഥ ആവാസ വ്യവസ്ഥകളിൽ നിന്നായി 100 ലേറെ ജീവജാതി ചിത്രശലഭങ്ങളാണ് സർവ്വെയിൽ കണ്ടെത്തിയത്. ശലഭ നിരീക്ഷകർക്ക് വളരെ വിരളമായി കാണാൻ കഴിയുന്ന കരിരാജൻ (ബ്ലാക്ക് പ്രിൻസ് ) ചിത്രശലഭം , ലോകത്ത് പശ്ചിമ ഘട്ടത്തിൽ മാത്രം കാണപ്പെടുന്ന പൂച്ച കണ്ണി (തമിൾ കാറ്റ് ഐ), മരോട്ടി ശലഭം (തമിൾ യോമാൻ), സഹ്യാദ്രി ചിന്നൻ (തമിൾ ഡാർട്ട്ലെറ്റ് ), വെൺ കുറിശലഭം (ബൈകളർ എയ്സ് ) തുടങ്ങിയ ചിത്രശലഭ സ്പീഷ്യസുകളും ഇതിൽ ഉൾപ്പെടുന്നു. ചിമ്മിനി വനമേഘലയിൽ മഴക്കാലത്ത് സാധാരണമായി കണ്ടിരുന്ന മലബാർ റോസ് ചിത്രശലഭങ്ങളുടെ അസാന്നിധ്യം കേരളം നേരിടാൻ പോകുന്ന വരൾച്ചയുടെ സൂചനയായി കാണാമെന്ന് സംഗമം വിലയിരുത്തി. ഫീസർ അംഗങ്ങളായ സാന്റക്സ് വർഗ്ഗീസ്, ഡോ. സനിൽ മാടമ്പി, സുബിൻ കെ. കെ. എന്നിവർ ഫീൾഡ് സർവ്വെയ്ക്ക് നേതൃത്വം നൽകി.

കേരള വനഗവേഷണ സ്ഥാപനത്തിൽ വച്ച് നടന്ന സമാപന സമ്മേളനത്തിൽ കെ. എഫ്. ആർ.ഐ. ഡയറക്ടർ ഡോ. ശ്യാം വിശ്യനാഥ് , രജിസ്ട്രാർ ഡോ. ടി.വി. സജീവ്, ശാസ്ത്രജ്ഞൻ ഡോ. ജിത്തു യു. ഉണ്ണികൃഷ്ണൻ , ഫീസർ ചെയർമാൻ ഡോ. മേരി ആന്റോ , സെക്രട്ടറി ഡോ. ബിന്ദു കെ. ജോസ് , എന്നിവർ പങ്കെടുത്തു. കേരളത്തിലെ ശലഭ പഠനങ്ങൾക്ക് നാന്ദി കുറിച്ച നിരവധി ഗവേഷണങ്ങൾക്ക് നേതൃത്വം നല്കിയ ഡോ. ജോർജ്ജു മാത്യു ' ശലഭ ഗവേഷണ - സംരക്ഷണ മേഘലയിലെ പുതിയ പ്രവണതകളേയും വെല്ലുവിളികളും' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി.











Comments

Popular posts from this blog